മസ്‌കറ്റ് : ഒമാനിൽ താമസക്കാരായ ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തിൽ ഒക്ടോബർ അവസാനത്തോടെ ഗണ്യമായ കുറവ് രേഖപ്പെടുത്തി.നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക് ആൻഡ് ഇൻഫൊർമേഷന്റെ (എൻസിഎസ്ഐ) വിവരങ്ങൾ പ്രകരാം ഒമാനിൽ ആദ്യമായി ഇന്ത്യക്കാരുടെ എണ്ണം 5 ലക്ഷത്തിൽ കുറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 4,92,276 ഇന്ത്യക്കാരാണ് നിലവിൽ ഒമാനിലുള്ളത്.ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും രാജ്യത്തെ വിദേശി പൗരന്മാരിൽ ഒന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്.5,46,681 ബംഗ്ലാദേശ് പൗരന്മാരാണ് നിലവിൽ ഒമാനിലുള്ളത്.1,79,375 പാകിസ്ഥാൻ പൗരന്മാരും 4,4295 ഫിലിപ്പൈൻ സ്വദേശികളുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
അതേസമയം,ഒക്ടോബർ അവസാനത്തോടെ ഒമാനിലെ വിദേശി പൗരന്മാരുടെ എണ്ണത്തിൽ 17 ശതമാനം കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. എൻസിഎസ്ഐ കണക്കുകൾ പ്രകാരം ഒമാനിൽ നിലവിൽ 14,35,070 വിദേശി പൗരന്മാരാണ് ഉള്ളത്.2019 ഇൽ ഇത് 17,12,798 ആയിരുന്നു.
ഡിസംബർ അവസാനം വരെ ഔട്ട് പാസ് സംവിധാനം ഏർപ്പെടുത്തിയതോടെ വിദേശി പൗരന്മാരുടെ എണ്ണത്തിൽ കൂടുതൽ കുറവാണുണ്ടാവുക.