മസ്‌കറ്റ്:അധ്യാപക ദിനത്തോടനുബന്ധിച്ച് മസ്‌കത്തിലെ ഇന്ത്യൻ എംബസി ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അധ്യാപകരുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങളുമായും ഓൺലൈൻ ഇന്ററാക്ഷൻ സംഘടിപ്പിച്ചു.അന്തരിച്ച
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയോടുള്ള ബഹുമാന സൂചകമായി ഒരു മിനിറ്റ് നിശബ്ദത പാലിച്ചാണ് പരിപാടി ആരംഭിച്ചത്.
ശ്രദ്ധേയനായ അദ്ധ്യാപകനും ആഗോള രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ശ്രീ പ്രണബ് മുഖർജിക്ക് അംബാസഡർ മുനു മഹാവർ ഹ്രസ്വ പ്രസംഗത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചു. ഉദാരമായ പിന്തുണ നൽകിയതിന് അംബാസഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാൻ സർക്കാരിനും നന്ദി അറിയിച്ചു.എല്ലാ അദ്ധ്യാപകർക്കും അദ്ദേഹം ആശംസകൾ അറിയിക്കുകയും ലോകമെമ്പാടുമുള്ള ഇന്ത്യൻ അധ്യാപകരുടെ സംഭാവനകളെ കണ്ടെത്താനും അംഗീകരിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ടീച്ചേഴ്സ് ഫ്രം ഇന്ത്യ കാമ്പെയ്നെ കുറിച്ച് സംസാരിക്കുകയും
ചെയ്തു.ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാരായ ഒമാനിലെ എല്ലാ അധ്യാപകരുടെയും സംഭാവനകളെ അദ്ദേഹം പ്രകീർത്തിക്കുകയും അവരുടെ സേവനത്തിനും സമർപ്പണത്തിനും അവരെ അഭിനന്ദിക്കുകയും ചെയ്തു.
അടുത്തിടെ സിബിഎസ്ഇ ടീച്ചർ അവാർഡ് 2019 നേടിയ ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ രണ്ട് അദ്ധ്യാപകരായ ശ്രീ എസ്കലിൻ ഗോൺസാൽവസ്,ശ്രീ വെങ്കട്സൺ കാർത്തികേയൻ എന്നിവരെ അംബാസഡർ അഭിനന്ദിച്ചു.ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം ഹ്രസ്വ പ്രസംഗം നടത്തി.കോവിഡ് സമയത്ത് വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കിയതിന് എല്ലാ അധ്യാപകർക്കും അദ്ദേഹം നന്ദി പറഞ്ഞു.
അധ്യാപകരും ഫാക്കൽറ്റി അംഗങ്ങളും അംബാസഡർ മുനു മഹാവറുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിച്ചു. അംബാസഡർ തന്റെ സമാപന പ്രഭാഷണത്തിൽ എല്ലാവരും നൽകിയ നിർദ്ദേശങ്ങളെ അഭിനന്ദിക്കുകയും അധ്യാപക ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകർക്കും വീണ്ടും ആശംസകൾ അറിയിക്കുകയും ചെയ്തു.